Monday, September 5, 2011

അകലങ്ങളിൽ

ഒരിക്കൽ/വീണ്ടുമൊരിക്കൽ
ചിതറിയ ആകാശം പോലെ
ഓർമ്മകളുടെ നിസ്സംഗത

എത്രയാണെന്നാലും
ഓർമ്മകളല്ലേയത്-
എന്റേതല്ലേ, യത്
നിന്നെക്കുറിച്ചല്ലേയെന്ന്
വീണ്ടും ഓർമ്മപ്പെടുത്തുന്നു
ഇപ്പോഴും നിന്റെ ചിരിയുള്ള ഫോട്ടോ.

എന്നെക്കുറിച്ചുള്ള
നിന്റെയോർമ്മകൾ
നിറം മങ്ങിപ്പൊയിരുന്നാലും,
നിന്റ് വിരൽ ത്തുമ്പുകളിൽ നിന്ന്
എന്റെ സ്പർശനം മാഞ്ഞ് പോയിരുന്നാലും
ഒരിക്കൽ വീണ്ടുമൊരിക്കൽ
മഴമേഘങ്ങൾ നിറഞ്ഞ്
എന്റെയാകാശം പൊള്ളുന്നു.

Monday, December 27, 2010

യാത്രാമൊഴി

ഇനി വിട പറയാം,
വെറുപ്പിന്റെ സൂര്യൻ
രക്തം ചിന്തും മുമ്പ്
ഇരുളിലെ ശാപങ്ങൾ
ഉറങ്ങും മുമ്പ്
സ്വപ്നങ്ങളിൽ
ശ്വാസം മുട്ടി മരിക്കും മുമ്പ്
മുറി പങ്കിടുന്നവർ
ശ്രാദ്ധം നടത്തും മുമ്പ്

പോകണം, പോയേ തീരൂ
വാടകക്കുടിശ്ശിക
കഴുത്ത് മുറുക്കും മുമ്പ്
വിശപ്പ് വയറെരിക്കും മുമ്പ്
ഒരു തീക്ഷണതയിൽ
ജീവനെരിഞ്ഞ് തീരും മുമ്പ്
ചിതയിലെ ഭസ്മം
നെറ്റിയിൽ പരക്കും മുമ്പ്

എഴുതണം ഒരു യാത്രാമൊഴി,
പ്രിയപ്പെട്ടവർക്ക്
പ്രണയിച്ചവർക്ക്
ദേഹം തൊട്ടവർക്ക്
മനസ്സ് പകുത്തവർക്ക്
കാണും മുന്നേ മരിച്ചവർക്ക്
പിറന്ന ശേഷം കാണാത്തവർക്ക്
കണ്ടിട്ടും കാണാതെ പോയവർക്ക്.....

Sunday, October 24, 2010

എന്തേ പറഞ്ഞീല്ല?

തനിച്ചായിരുന്നു ഞാന്‍
തനിച്ചായിരുന്നു നീയും
മൌനത്തിന്റെ തിരശ്ശീലയ്ക്ക്
അപ്പുറവും ഇപ്പുറവും
ഇരിക്കുമ്പോള്‍,
നമ്മള്‍ മാത്രമെന്ന്
മറന്ന് പോയപ്പോള്‍
എന്തേ പറഞ്ഞില്ല,
കാമുകനും കാമുകിയും
ഒരിക്കലും പ്രണയം
തുറന്ന് പറയാറില്ലെന്ന്?

Monday, October 18, 2010

ചിത്രശലഭം


പൂവുകള്‍ തേടി
പുമണം തേടി
ഒരു ചിത്രശലഭം

ഒരു പുവില്‍ നിന്ന്
വേറൊരു പുവിലേയ്ക്ക്
ചിറകടിച്ചെത്തുമ്പോള്‍
പൂക്കള്‍ നിറമില്ലാത്തതാകുന്നു

ചിത്രശലഭം
ചിറകില്‍ പറ്റിയ നിറങ്ങളെ
ആകാശത്തിലേയ്ക്ക് കുടയുന്നു

ഇപ്പോള്‍ എന്റെ പുന്തോട്ടം
കറുപ്പും വെളുപ്പും നിറഞ്ഞത്
ആകാശമോ,
പലനിറങ്ങളില്‍
വേറൊരു ചിത്രശലഭത്തിനെ
കാത്തിരിക്കുന്നു.

Sunday, October 17, 2010

പിണക്കം

എന്റെ കുപ്പിവളകൾ
എന്നോട് പിണങ്ങി
താഴെവീണുടഞ്ഞു

ശൂന്യമായ കൈകൾ
അവയെ നോക്കി
പിണക്കം പല നിറങ്ങളിൽ
ചിതറിക്കിടക്കുന്നു

എന്തിനാണ്‌?
ഞാൻ ചോദിച്ചു.
ചുവപ്പും മഞ്ഞയും
നീലയും കറുപ്പുമാ​യി
ചിതറിത്തന്നെക്കിടക്കുന്നു
കുപ്പിവളകൾ,
അല്ല, പിണക്കങ്ങൾ.